ഫ്ലാറ്റിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം; കുടുംബ വഴക്കാണെന്ന് സംശയിച്ച് അയൽവാസികൾ പൊലീസിനെ വിളിച്ച് വരുത്തി; പൊലീസ് വന്ന് പരിശോധിച്ചപ്പോൾ ചാനലിൽ അർണബ് ഗോസ്വാമിയുടെ ചർച്ച നടക്കുന്നു

തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ നിന്നും ഉച്ചത്തിലുള്ള ശബദം കേട്ടപ്പോൾ കുടുംബ വഴക്ക് ആയിരിക്കും എന്ന് കരുതിയാണ് യുകെയിൽ നിന്നും ബംഗളൂരിവിലേക്ക് താമസം മാറ്റിയ പ്രകാശ്- റിച്ച ദമ്പതികൾ പൊലീസിൽ വിവരമറിയിച്ചത്. കുടുംബ വഴക്ക് മൂത്ത് അക്രമം ഉണ്ടാവുന്ന അവസ്ഥ തടയണം എന്നെ അവർ കരുതിയിരുന്നുള്ളൂ. ഗാർഹിക പീഡനം എന്ത് വിലകൊടുത്തും തടയണം എന്ന നിർബന്ധ ബുദ്ധിയിൽ ബംഗളൂരു പൊലീസ് ഉടൻ തന്നെ പ്രകാശ്- റിച്ച ദമ്പതികൾ താമസിച്ച ഫ്ലാറ്റ് കോംപ്ലക്സിലേക്ക് എത്തി. തുടർന്ന് ബഹളം നടക്കുന്ന ഫ്ലാറ്റിലേക്ക് പ്രശ്ന പരിഹാരത്തിനായി പോയി. പൊലീസ് പോവുമ്പോഴും ഉച്ചത്തിലുള്ള ബഹളം തുടരുകയായിരുന്നു. തുടർന്ന് പൊലീസ് വാതിലിൽ തട്ടി, വീട്ടുകാർ വാതിൽ തുറന്നപ്പോൾ പൊലീസിനെ കണ്ട് അമ്പരന്ന് പോയി. വീട്ടുവഴക്ക് തീർക്കാൻ ഫ്ലാറ്റിൽ കയറിയ പൊലീസുകാർക്കും മറ്റ് ഫ്ളാറ്റുകളിലെ താമസക്കാർക്കും ബഹളത്തിന്റെ ഉറവിടം കണ്ട് ചിരിയടക്കാനായില്ല.
ബഹളം കേട്ട ഫ്ലാറ്റിലെ താമസക്കാർ അർണബ് ഗോസ്വാമിയുടെ പ്രൈം ടൈം ചർച്ച കാണുകയായിരുന്നുവത്രെ. അർണബിന്റെ ആക്രോശങ്ങൾ കേട്ട തൊട്ടപ്പുറത്തെ ഫ്ളാറ്റിലെ താമസക്കാർ കുടുംബ വഴക്ക് നടക്കുന്നു എന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവത്രെ.
മെയ് 18നാണ് സംഭവം നടന്നത്. ബാംഗളൂർ പോസ്റ്റ് എന്ന ഓൺലൈൻ പോർട്ടലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.