കഫീൽ ഖാനെ കള്ള കഫീലാക്കി ഫേസ്‌ബുക്ക് കമൻറ് ..നിസ്വാർത്ഥതയെ വർഗീയതകൊണ്ട് വെല്ലുവിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ

സംസ്ഥാനം നിപ വൈറസ് ഭീതിയിലകപ്പെടുമ്പോഴും വർഗീയതയും രാഷ്ട്രീയവും അതിൽ തിരുകി കയറ്റുന്നവർ കുറവല്ല. നിപ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ തയ്യാറാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെന്നും കേരള സര്‍ക്കാരിനെ അറിയിച്ച ഉത്തര്‍പ്രദേശിലെ ശിശുരോഗവിദഗ്ദ്ധൻ ഡോക്ടര്‍ കഫീല്‍ ഖാനെ അപമാനിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് കമൻറ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് എന്ന് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ വ്യക്തമാക്കിയിട്ടുള്ള അമ്പിളി കടന്നയില്‍ എന്ന ഡോക്ടറാണ് കഫീല്‍ ഖാനെ കള്ള കഫീല്‍ എന്ന് വിശേഷിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കാൻ താല്പര്യമുണ്ടെന്നറിയിച്ച കഫീൽ ഖാനെ അപമാനിക്കാൻ ‘കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടൻറെ പുതിയ തന്ത്രം’ എന്ന പോസ്റ്റിലൂടെയാണ് അമ്പിളി ശ്രമിച്ചത്. ഈ പോസ്റ്റിന് കീഴിലാണ് കഫീൽ ഖാനെ കള്ളനെന്നും കൊലപാതകിയെന്നും ആക്ഷേപിക്കുന്നത്. നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിങ്ങളെപ്പോലൊരു ഡോക്ടര്‍ക്ക് ചേര്‍ന്ന പരാമര്‍ശമല്ല നിങ്ങള്‍ നടത്തിയതെന്ന വിമര്‍ശനങ്ങള്‍ക്ക് അമ്പിളി നല്‍കിയിരിക്കുന്ന മറുപടി ഇപ്രകാരമാണ്.

”നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍ കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിൻറെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല”.

”തൻറെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തൻറെ ജല്‍പനം എടുത്തു പറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്”

കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഒരു ഡോക്ടറെ ഗൈനക്കോളജിസ്റ്റായ മറ്റൊരു ഡോക്ടര്‍ നിശിതമായി എതിര്‍ക്കുന്നത് രാഷ്ട്രീയത്തിൻറെ പേരിൽ മാത്രമാണെന്ന് സോഷ്യല്‍ മീഡിയയിൽ ആരോപണമുയർന്നിട്ടുണ്ട്.

ഗോരഖ്പൂരില്‍ ഒരാഴ്ചയ്ക്കുള്ളിൽ അറുപതോളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയപ്പോള്‍ സ്വന്തം ചിലവില്‍ വിവിധയിടങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിച്ചു നല്‍കിയ ശിശുരോഗ വിദഗ്ദ്ധനാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. സംഭവത്തിൻറെ പൂർണ ഉത്തരവാദിത്വം കഫീൽ ഖാൻറെ തലയിൽ കെട്ടിവെച്ച് ജയിലിലടച്ചത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു. താങ്കളൊരു ഹീറോ ആയെന്ന് തോന്നുന്നുണ്ടോ എന്നാണ് അന്ന് യോഗി കഫീൽ ഖാനോട് ചോദിച്ചത്. താന്‍ സര്‍ക്കാരിൻറെ പ്രതികാര നടപടിക്ക് വിധേയനായതാണെന്ന് കഫീല്‍ വ്യക്തമാക്കിയിരുന്നു.

കശ്മീരിലെ കത്വയിലെ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തിലും അമ്പിളി കടന്നയില്‍ വര്‍ഗീയമായി പ്രതികരിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.
അന്ന് അമ്പിളി ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു ;

”അമ്പലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കണ്ട ബാധ്യതയില്ലല്ലോ, ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്നു രക്ഷിക്കാഞ്ഞതെന്താന്നാ എൻറെ സംശയം? ഇനിയിപ്പൊ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചു പോയതായിരിക്കുമോ?”

സംസ്ഥാനം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതിനിടയിലും വർഗീയതയും രാഷ്ട്രീയവും പറയുക എന്നത് മാത്രമാണ് ചിലരുടെയെങ്കിലും ലക്ഷ്യമെന്നത് ആശ്ചര്യമുണ്ടാക്കുന്നു.