നിപ്പ വൈറസ്; വിനോദസഞ്ചാരികൾ കേരളത്തെ കൈവെടിയുന്നു; മാധ്യമങ്ങൾ ഭീതി പരത്തിയതാണ് കാരണമെന്ന് ആരോപണം

നിപ്പ വൈറസ് ഭീതി പരത്തിയതോടെ കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ജൂൺ മാസം ആരംഭിക്കാനിരിക്കെ വിനോദ സഞ്ചാരികൾ കേരളത്തെ തഴയുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തിരിച്ചടിയായി. അതേസമയം മാധ്യമങ്ങൾ ഭീതി പരത്തിയത് മൂലമാണ് വിനോദ സഞ്ചാരികൾ കേരളം ഒഴിവാക്കാൻ കാരണമെന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നാട്ടുകാരും കച്ചവടക്കാരും ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 12 പേർ മരണപ്പെട്ടിരുന്നു. നിരവധി പേർ ചികിത്സ തേടിയിരിക്കുകയാണ്. വൈറസ് ബാധ കോഴിക്കോടാണെങ്കിലും കൊച്ചി അടക്കമുള്ള മേഖലകലിലേക്കുള്ള യാത്രക്കാരാണ് ഭീതി മൂലം യാത്ര മാറ്റി വെച്ചത്. 50 മുതൽ 60 ശതമാനം വരെ ആളുകൾ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയതായി ടൂറിസം പ്രൊഫഷൻ ക്ലബ് സെക്രട്ടറി പോൾ വിശദമാക്കി.
അതേസമയം സുരക്ഷ കണക്കിലെടുത്ത് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്ര മാറ്റി വെക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതും വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായി.