റൊണാൾഡീഞ്ഞോ രണ്ട് കാമുകിമാരെ ഒരുമിച്ച് വിവാഹം ചെയ്യുമെന്ന് വാർത്ത, ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ലെന്ന് താരം

”ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല” , താന്‍ ഒരേ സമയം തന്‍െറ രണ്ടു കാമുകിമാരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ.

തെക്ക് കിഴക്കൻ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ഇതിഹാസ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് ലോക മാധ്യമങ്ങളും ഏറ്റെടുത്തതോടെ വാർത്തയ്ക്ക് വന്‍പ്രചാരം ലഭിച്ചിരുന്നു.

മുപ്പത്തിയെട്ടുകാരനായ റൊണാള്‍ഡീഞ്ഞോ പുതിയ കാമുകിയായ ബിയാട്രിസുമായുള്ള ബന്ധം ആരംഭിച്ചത് 2016 ലാണ് . എന്നാല്‍ മുന്‍കാമുകി പ്രിസ്കില്ലയുമായുള്ള ബന്ധം തുടര്‍ന്നു. റൊണാൾഡീഞ്ഞോ ബഹുഭാര്യാത്വത്തിൽ വിശ്വസിക്കുന്നു എന്ന രീതിയിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇരുവരുമായുള്ള ബന്ധം റൊണാള്‍ഡീഞ്ഞോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല.

ഒന്നിൽകൂടുതൽ ഭാര്യമാരുണ്ടാകുന്നത് ബ്രസിലിൽ നിയമവിരുദ്ധമാണ്. ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതിനാൽ രണ്ട് കാമുകിമാരെയും ഔദ്യോഗികമായി വിവാഹം കഴിക്കുന്നതിനു പകരം വിവാഹ ചടങ്ങുകൾ മാത്രം നടത്താനാണ് താരത്തിൻറെ ഉദ്ദേശം എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.