പ്രണയവിവാഹത്തിന്റെ പേരിൽ നവവരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവം; ക്രൂരമായ ദുരഭിമാനക്കൊലക്ക് കാരണം പൊലീസിന്റെ അനാസ്ഥ, പ്രിയതമന്റെ വേർപാടിൽ കണ്ണീരടക്കാനാവാതെ നീന

കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ വീട്ടുകാർ തട്ടികൊണ്ട് പോയ നവവരൻ കൊല്ലപ്പെട്ട സംഭവത്തിന് കാരണം പോലീസിന്റെ അനാസ്ഥ. ഗുരുതര വീഴ്ച ബോധ്യപ്പെട്ടതോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കഴിഞ്ഞ ദിവസം പുലർച്ചെ യാണ് യുവാവിനെ വധുവിന്റെ വീട്ടുകാർ തട്ടികൊണ്ട് പോയത്. സംഭവമറിഞ്ഞതോടെ കെവിന്റെ പ്രതിശ്രുതവധു നീന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നുവത്രെ. നടപടിയെടുക്കുന്നതിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് കാണിച്ച വീഴ്ചയാണ് കെവിന്റെ മരണത്തിന് കാരണമായത്.

കോട്ടയത്ത് സ്വകാര്യ കോളേജിൽ പഠിക്കുകയായിരുന്ന കൊല്ലം തെന്മല സ്വദേശി നീനു ചാക്കോ കോട്ടയം നാട്ടശേരി സ്വദേശി കെവിൻ ജോസഫുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ നീനുവിന്റെ വീട്ടുകാർ എതിർത്തതോടെ നീനു വീട് വിട്ടിറങ്ങുകയായിരുന്നുവത്രേ. തുടർന്ന് മകളെ തട്ടികൊണ്ട് പോയതായി നീനുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതോടെ കെവിനും നീനുവും പൊലീസിന് മുന്നിൽ ഹാജരായി, തന്നെ തട്ടികൊണ്ട് പോയതല്ലെന്നും സ്വമേധയാ ഇറങ്ങിപ്പോയതാണെന്നും യുവതി മൊഴി നൽകിയതോടെ പ്രകോപിതരായ ബന്ധുക്കൾ പൊലിസ് സ്റ്റേഷനിൽ നിന്നും യുവതിയെ ഇറക്കിക്കൊണ്ട് പോവാൻ ശ്രമം നടത്തി. എന്നാൽ നാട്ടുകാർ സംഭവത്തിൽ ഇടപെട്ടതോടെ ബന്ധുക്കളുടെ ശ്രമം നടന്നില്ല. തുടർന്ന് പൊലീസ് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച പുലർച്ചയോടെയാണ് നീനുവിന്റെ സഹോദരൻ കെവിനെ തട്ടിക്കൊണ്ട് പോയത്. സംഭവം നടന്നയുടൻ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നുവത്രെ. തുടർന്ന് പൊലീസ് സംഘങ്ങളുമായി പോലീസ് ബന്ധപ്പെട്ടപ്പോൾ കൂട്ടത്തിൽ ഒരാളെ പത്തനാപുരത്ത് ഇറക്കി വിട്ടു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും കെവിനെ സംബന്ധിച്ച സൂചനകൾ ലഭിച്ചില്ല. കെവിനെയും പത്തനാപുരത്ത് ഇറക്കിവിട്ടെന്ന് അഭ്യൂഹം പരന്നതോടെ ഇത് അന്വേഷിക്കണെമെന്ന ആവശ്യവുമായി നാട്ടുകാർ പൊലീസിനെ സമീപിച്ചു, കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം അന്വേഷിക്കാം എന്നായിരുന്നുവത്രെ പൊലീസിൻറെ മറുപടി.

ഇതേസമയം തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് നീനുവിന്റെ പിതാവ് ചാക്കോ പരാതി നൽകിയതോടെ നീനുവിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോവാനാണ് തനിക്ക് താൽപര്യമെന്ന് നീനു കോടതിയിൽ പറഞ്ഞതോടെ യുവതിയെ കോടതി കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

തെന്മലക്കടുത്ത് ചാലിയേക്കരയിൽ തോട്ടിൽ ഉപേക്ഷിച്ച നിലയിലാണ് കെവിന്റെ മൃതദേഹം കണ്ടെടുത്തത്. കെവിനെ കൊലപ്പെടുത്തി തോട്ടിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് രക്ഷപെട്ടുവെന്നാണ് പ്രാഥമിക നിഗമനം.
ഗാന്ധിനഗർ സ്റ്റേഷൻ എസ്ഐ ഷിബു പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും കൈക്കൂലി വാങ്ങിച്ച് അവർക്കനുകൂലമായി ചരടുവലി നടത്തിയെന്നാണ് കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് കെവിന്റെ ബന്ധുക്കൾ.