മൂന്നുമാസം പ്രായമായ കുഞ്ഞിൻറെ മൃതദേഹം കുഴിച്ചു മൂടിയ സംഭവം ; മാതാപിതാക്കളെ വിട്ടയച്ചു

അങ്കമാലിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ച്‌ മൂടിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെയും അമ്മയെയും വിട്ടയച്ചു. സംഭവത്തിൽ കൊലപാതകസാധ്യതകളൊന്നും കണ്ടെത്താത്തതിനാലാണ് വിട്ടയച്ചത്. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച്‌ കൊലപാതകം അല്ലെന്ന സൂചന ലഭിച്ചിരുന്നു.

തമിഴ്‌നാട് സേലം സ്വദേശികളായ മണികണ്ഠന്‍റെയും സുധയുടെയും മൂന്നു മാസം പ്രായമായ കുഞ്ഞിനെയാണ് അങ്കമാലി സി ഐ ഓഫീസിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

പോസ്റ്റുമോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ അകത്തും പുറത്തും മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉപദ്രവിച്ചതിന്‍റെ യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നു. വിഷത്തിന്‍റെയോ മറ്റ് അപകട വസ്തുക്കളുടെയോ സാന്നിധ്യവുമില്ല. ബലം പ്രയോഗിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ മുലപ്പാല്‍ ശിരസ്സില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് നിഗമനം. ജനിക്കുമ്പോള്‍ കുഞ്ഞിന് തൂക്കം വളരെ കുറവായിരുന്നു. ഇതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്.

ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ. തമിഴ്‌നാട്ടിൽ നിന്നുള്ള നാടോടികളായ ഇവര്‍ കുട്ടികള്‍ മരിച്ചാല്‍ സമീപ പ്രദേശങ്ങളിലെവിടെയെങ്കിലും മറവ് ചെയ്യുകയാണ് പതിവ്. ഓഫീസിനടുത്ത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലമായതിനാണ് സിഐ ഓഫീസ് കോമ്പൗണ്ടിൽ കുഴിച്ചിട്ടതെന്നാണ് പിതാവ് മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ഇരുവരെയും വിട്ടയച്ചത്.