എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകാൻ സർക്കാരിന് സാധിക്കില്ല; ഗോവയിലെ പീഡനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി ബി ജെ പി വനിതാ നേതാവ്

രാജ്യത്തെ സ്ത്രീകളുടെ മാനവും ജീവനും അനുദിനം പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുകയാണ്. ഗോവയിൽ ലൈംഗിക പീഡനങ്ങളും ആക്രമണങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ബി ജെ പി മന്ത്രിസഭയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ പൗരന്മാരെയും ഗവൺമെൻറിന് സംരക്ഷിക്കാനാകില്ലെന്ന പ്രസ്താവനയാണ് ബി ജെ പി നേതാവ് നൽകിയത്. ഗോവയിലെ മഹിളാ മോര്‍ച്ച അധ്യക്ഷ സുലക്ഷണ സാവന്ദ് ആണ് ശനിയാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി അറിയിച്ചത്.

മെയ് 25 ന് ഗോവയിലെ ബെറ്റല്‍ബാറ്റിം ബീച്ചില്‍ വെച്ച് മധ്യപ്രദേശിൽ നിന്നുമുള്ള മൂന്ന് വിനോദ സഞ്ചാരികള്‍ ഗോവസ്വദേശിയായ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതോടെ ദക്ഷിണ ഗോവയിലെ ബീച്ചില്‍ ടൂറിസ്റ്റുകള്‍ക്ക് രാത്രി സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ വ്യക്തികള്‍ക്കും സംരക്ഷണം നല്‍കാനാകില്ല. എന്നാല്‍ പ്രശ്നത്തില്‍ അകപ്പെടുന്ന ഒരാളുടെ സംരക്ഷണം മറ്റൊരാള്‍ക്ക് ഏറ്റെടുക്കാനാകും.

അക്രമികള്‍ക്ക് നേരെ നടപടിയെടുക്കുമെന്നതിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി മുന്നോട്ട് വരാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നുണ്ട്. പെണ്‍കുട്ടികള്‍ തുറന്ന് പറയുന്നതുകൊണ്ടാണ് കൂടുതല്‍ പീഡനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും സുലക്ഷണ പറഞ്ഞു. ഒറ്റപ്പെട്ട ബീച്ചുകളില്‍ സി സി ടി വി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ടൂറിസം വകുപ്പിനോട് വനിതാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുലക്ഷണ വ്യക്തമാക്കി. മുൻപ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് വളരെ കുറവായിരുന്നു. എന്നാൽ മാറ്റം പ്രതീക്ഷിച്ചുകൊണ്ട് കൂടുതൽ സ്ത്രീകൾ ഇന്ന് പരാതി നല്കാൻ രംഗത്ത് വരുന്നുണ്ട്. സുലക്ഷണ കൂട്ടിച്ചേർത്തു .