ശൈശവവിവാഹത്തിൽ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകർ തടഞ്ഞ പെൺകുട്ടി നേരത്തെ തീരുമാനിച്ചിരുന്ന വരൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചൈൽഡ് ലൈൻ പ്രവർത്തകർ ശൈശവവിവാഹത്തിൽ നിന്നും തടഞ്ഞ ആദിവാസി പെണ്‍കുട്ടിയെ അന്ന് തീരുമാനിച്ചിരുന്ന വരൻറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലിയിലുള്ള 15 കാരിയെയാണ് വട്ടവട സ്വാമിയാര്‍ അളകുടിയിലെ ചന്ദ്രൻറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടിയുടെയും ചന്ദ്രൻറെയും വിവാഹം നടത്താനുള്ള വീട്ടുകാരുടെ ശ്രമം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. 27 വയസ്സുള്ള ചന്ദ്രനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം കുട്ടിക്ക് നിയമാനുസൃത വിവാഹപ്രായം ആയാൽ മാത്രം നടത്താമെന്ന് ഇരുവീട്ടുകാരില്‍നിന്നും അന്ന് എഴുതിവാങ്ങിയിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മരണപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ചന്ദ്രൻറെ വീട്ടിലെത്തിയതായി പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ അടിമാലിയിലെ സഹോദരിയുടെ വീട്ടില്‍ താമസമാക്കി. വെള്ളിയാഴ്ച മൂന്നുമണിക്കാണ് പെണ്‍കുട്ടിയെ ചന്ദ്രൻറെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മൂന്നാര്‍ ഡി വൈ എസ് പി പയസ് ജോര്‍ജ്, ദേവികുളം തഹസില്‍ദാര്‍ പി കെ.ഷാജി, എസ് ഐ കെ ദീലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ചന്ദ്രൻറെ വീട്ടിലെത്തിയ വിവരം പോലീസ് സ്റ്റേഷനിലോ ചൈല്‍ഡ് ലൈനോ ആശാ പ്രവര്‍ത്തകരോ എസ് ടി പ്രൊമോട്ടര്‍മാരോ അറിഞ്ഞിരുന്നില്ല. ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ദേവികുളം എസ് ഐ. പറഞ്ഞു.