മുന്‍ ഡിജിപി അഡ്വ. പി.ജി തമ്പി അന്തരിച്ചു

ആലപ്പുഴ: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന സനാതനം വാര്‍ഡില്‍ രാജശില്‍പ്പിയില്‍ അഡ്വ: പി.ജി തമ്പി (80) നിര്യാതനായി. എഴുത്തുകാരനും പ്രസംഗകനുമായ ഇദ്ദേഹം പ്രധാനപ്പെട്ട നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായിട്ടുണ്ട് .

സംസ്‌കാരം ചൊവ്വാഴ്ച്ച വൈകിട്ട് 5.30ന് ചാത്തനാട് ശ്മശാനത്തില്‍ നടക്കും. ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പ്രശസ്ത ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പി , നോവലിസ്റ്റ് പി വി തമ്പി എന്നിവര്‍ സഹോദരങ്ങളാണ്. പിതാവ് പി. കൃഷ്ണപിള്ള. അമ്മ: ഭവാനിക്കുട്ടി തങ്കച്ചി.

സ്റ്റേറ്റ് അറ്റോര്‍ണി, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ബാര്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, രാമവര്‍മ്മ ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും ബി.എല്‍. ബിരുദവും നേടി ഹരിപ്പാട്, ആലപ്പുഴ കോടതികളില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. എസ്.ഡി.യൂണിയന്‍ ചെയര്‍മാന്‍, ഗവണ്‍മെന്റ് ലോ കോളേജ്, തിരുവനന്തപുരം യൂണിയന്‍ ജനറല്‍ സെക്രട്ടറി, നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട്, സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ അക്കാലത്ത് അദ്ദേഹം വഹിസിച്ചിരുന്നു.

1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജി തമ്പി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.സര്‍പ്പപത്രം, സാലഭഞ്ജിക, സംക്രമണം, സമാഗമം, സ്വര്‍ണ്ണക്കച്ചവടം, സന്നിവേശം, സ്വപ്നസഞ്ചാരിണി എന്നിവയാണ് സാഹിത്യ കൃതികള്‍