രാഷ്ട്രപതി ഭവനിൽ ഇത്തവണ ഇഫ്‌താർ വിരുന്നില്ല; നികുതിപ്പണം മതപരമായ കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നത് ശരിയല്ലെന്ന് വിശദീകരണം

രാഷ്ട്രപതി ഭവനിൽ ഈ വർഷം ഇഫ്താർ വിരുന്ന് നടത്തില്ല. നികുതിപ്പണം മതപരമായ കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നത് നല്ല പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഇഫ്‌താർ വിരുന്ന് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി അശോക് മല്ലിക് പ്രസ്താവിച്ചു. രാഷ്ട്രപതി ഭവൻ പൊതുസ്ഥാപനമാണെന്നും മതപരമായ ആഘോഷമോ കർമങ്ങളോ നടത്താനുള്ള സ്ഥലമില്ലെന്നും രാഷ്ട്രപതി ഭവനിൽ നിന്നുള്ള വിശദീകരണത്തിൽ പറയുന്നു. റാം നാഥ് കോവിന്ദ് അധികാരമേറ്റതിന് ശേഷം രാഷ്ട്രപതി ഭവനിൽ ദീപാവലിയും ക്രിസ്മസും ആഘോഷിച്ചിട്ടില്ല. എന്നിരുന്നാലും ദീപാവലിക്ക് രാഷ്ട്രപതി ഭവൻ വിവിധ നിറത്തിലുള്ള എൽഇഡി ബൾബുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.

ഇതിന് മുൻപ് അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്ന കാലത്തും രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്ന് നൽകുന്നത് നിർത്തി വെച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കോൺഗ്രസ് ആസ്ഥാനത്ത് ഇഫ്താർ വിരുന്ന് നൽകുമായിരുന്നു. തുടർന്ന് വന്ന ഇന്ദിരാഗാന്ധിയും ആ പ്രവണത തെറ്റിച്ചില്ല. ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഇഫ്‌താർ വിരുന്നുകൾ നടത്തുമായിരുന്നു. രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്ന് നൽകുന്ന പ്രവണതക്ക് തുടക്കം കുറിച്ചത് 1970ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന കാലം മുതലാണ്. ബിജെപി പിന്തുണയോടെ രാഷ്ട്രപതിയായ അബ്ദുൽ കലാം ഇഫ്താർ വിരുന്ന് റദ്ദ് ചെയ്യുകയും ആ തുക അനാഥാലയങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. 2014ൽ അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇഫ്താർ വിരുന്ന് നൽകിയിട്ടില്ല.