കണ്ണൂർ ഡിസിസിയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറി രാജി വെച്ചു, രാജ്യസഭാംഗത്വവും സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ട് കെ സുധാകരൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന് ആരോപണം

കണ്ണൂർ ഡിസിസിയിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം സ്ഥാനം രാജിവെച്ചു. കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊണ്ടാണ് ജനറൽ സെക്രട്ടറി ഡിസിസിയിൽ നിന്നും ഇറങ്ങിപ്പോവുന്നത്. കെ സുധാകരൻ ബിജെപിയുമായി ചർച്ച നടത്തിയെന്നും രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും ചോദിച്ചുവെന്നും പ്രദീപ് വട്ടിപ്രം വെളിപ്പെടുത്തി. വിലപേശൽ വിജയിക്കാത്തത് കൊണ്ടാണ് സുധാകരൻ ബിജെപിയിൽ ചേരാത്തതെന്നും പ്രദീപ് ആരോപിച്ചു. ഇപ്പോൾ കെപിസിസി പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമിട്ട് സുധാകരൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പ്രദീപ് പറഞ്ഞു.

സുധാകരനെ കെപിസിസി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് കോൺഗ്രസ് അനുകൂലികൾ മുറവിളി കൂട്ടുന്ന സമയത്താണ് ഇത്തരമൊരു ആരോപണവുമായി ഡിസിസി ജനറൽ സെക്രട്ടറി തന്നെ രംഗത്ത് വരുന്നത്.

അതേസമയം തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് ബിജെപി നേതാക്കൾ സമീപിച്ചിരുന്നുവെന്ന് കെ സുധാകരൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്, മരണം വരെയും കോൺഗ്രസുകാരനായി ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.