രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പരക്കെ അമർഷം; യുവ എംഎൽഎമാർ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചേക്കും

 

കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പരക്കെ അമർഷം. പിജെ കുര്യന് രാജ്യസഭാ സീറ്റ് നൽകുന്നതിൽ പ്രതിഷേധവുമായി രംഗത്ത് വന്ന കോൺഗ്രസിലെ യുവ നേതൃ നിരയാണ് അമർഷം പ്രകടിപ്പിക്കുന്നത്. ഒരുവേള കേരളാ കോൺഗ്രസിന് മുന്നിൽ മുട്ട് മടക്കരുതെന്നും സീറ്റ് യുവാക്കൾക്ക് കൈമാറാണമെന്നും കാണിച്ച് പിജെ കുര്യൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതൊക്കെയും മറികടന്ന് കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനമായത്. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളും മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയും മറികടന്ന് കൊണ്ടാണ് രാഹുൽ ഗാന്ധി തീരുമാനമെടുത്തിരിക്കുന്നത്. കേരളാ കോൺഗ്രസിന് സീറ്റ് നൽകാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെഎസ് ശബരിനാഥൻ, അനിൽ അക്കര, റോജി എം ജോൺ, വിടി ബൽറാം എന്നീ എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതി.

പിജെ കുര്യന് രാജ്യസഭാ സീറ്റ് നൽകുകയാണെങ്കിൽ നിയമസഭയിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് അനിൽ അക്കരെ എംഎൽഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേരളാ കോൺഗ്രസിന് സീറ്റ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ദിനത്തിൽ യുവ എംഎൽഎമാർ നിയമസഭയിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് സൂചന. ബിജെപിയുമായി പോലും ചർച്ചകൾ നടത്തി അവസരവാദ രാഷ്ട്രീയത്തിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ അങ്ങേയറ്റത്തെ തലത്തിലേക്ക് പോയ മാണി കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിൽ കോൺഗ്രസിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ മുസ്ലിം ലീഗിന്റെ സമ്മർദ്ദമാണ് മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചെത്താൻ വഴിമരുന്നിട്ടത്. രാജ്യസഭാ സീറ്റിൽ മാണി വിഭാഗത്തിനും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതും കാര്യങ്ങൾ വഷളാവുന്ന തരത്തിലേക്ക് എത്തിച്ചതിലും ലീഗിന്റെ പങ്ക് ചെറുതല്ല.

ഏതായാലും യുവ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുമോയെന്ന കാര്യമാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. സഭയിൽ കേരളാ കോൺഗ്രസിന് വോട്ട് ചെയ്യാൻ വിപ്പ് നൽകിയാൽ യുവ എംഎൽഎമാരെ അയോഗ്യരായി പ്രഖ്യാപിക്കും. എന്നാൽ പാർട്ടി വിപ് നൽകണോ എന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ല. വിപ്പ് നൽകിയാൽ യുവ എംഎൽഎമാർ വിട്ടുനിൽക്കാനുള്ള സാധ്യത കുറവാണ്. ഇനി വിട്ടുനിൽക്കുന്ന പക്ഷം കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക.