രാജ്യസഭാ സീറ്റ്; യുഡിഎഫിലും അതൃപ്തി; ഇന്ന് നടക്കുന്ന യോഗത്തില്‍ യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെച്ചൊല്ലി കോണ്‍ഗ്രസിന് പുറമെ യുഡിഎഫിലും അതൃപ്തി. ഇന്ന് നടക്കുന്ന യോഗത്തില്‍ യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ പങ്കെടുക്കില്ല. കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ പാര്‍ട്ടിയില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. എന്നാൽ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് എ.എ.അസീസ് ആരോപിച്ചു.

അതേസമയം എതിര്‍പ്പുമായി ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്റ് ഇടപെടണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യയോഗം മാറ്റിവയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും ഷാനിമോള്‍ വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ അജയ് തറയിലും രംഗത്തെത്തി. ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകലും. 40 സീറ്റുകള്‍ക്ക് വേണ്ടി 100 സീറ്റുകള്‍ കാണാതെ പോകരുത്. കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അജയ് തറയില്‍ പറഞ്ഞു.
രാജ്യസഭ സീറ്റിന് വേണ്ടി ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. ജോസഫ് വിഭാഗം കടുംപിടിത്തത്തിന് മുതിര്‍ന്നേക്കില്ല.