പെരുന്നാളാഘോഷിക്കാൻ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; വിമാനക്കമ്പനികൾ ടിക്കറ്റിന് വില കുറച്ചു

 

പെരുന്നാളാഘോഷിക്കാൻ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിമാനക്കമ്പനികൾ ടിക്കറ്റ് വിലയിൽ വൻ ഇളവാണ് വരുത്തിയിരിക്കുന്നത്. ബഹ്റൈനിൽ നിന്നുള്ള സർവീസുകൾക്കാണ് വിലയിൽ ഇളവ് വരുത്തിയത്. കോഴിക്കോട്ടേക്ക് ഗൾഫ് എയർ സർവീസ് ആരംഭിച്ചതാണ് ടിക്കറ്റിന് വില കുറയാൻ കാരണം. മടക്ക യാത്ര അടക്കം 180 ദീനാറോളമുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 140 ദീനാറിൽ എത്തി നിൽക്കുകയാണ്. ഇത്തിഹാദ് എയർലൈൻസ്, ഒമാൻ എയർ പോലുള്ള കമ്പനികൾ നേരത്തെ ഇളവുകൾ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. നിരവധി സർവീസുകളാണ് ദിനംപ്രതി ബഹറിനിൽ നിന്നും കേരളത്തിലേക്കുള്ളത്. ഇത്തിഹാദ്, ഒമാൻ എയർ എന്നിവ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുന്നത്.