ബിജെപി പതുങ്ങിയത് കുതിക്കാൻ തന്നെ; കർണാടകയിൽ വീണ്ടും ചാക്കിട്ട് പിടുത്തത്തിന് നീക്കങ്ങളാരംഭിച്ചു, ജെഡിഎസ്- കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുണ്ടെന്ന് യെദിയൂരപ്പ

 

കർണാടകയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ്- ജെഡിഎസ് സഖ്യം ചർച്ച തുടരുന്നതിനിടെ ബിജെപി വീണ്ടും ചാക്കിട്ട് പിടുത്തത്തിന് ശ്രമങ്ങൾ ആരംഭിച്ചതായി സൂചന. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും നിരവധി എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറായി നിൽക്കുന്നുവെന്ന് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ പറഞ്ഞു. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ മന്ത്രി പദവി ആവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിൽ യെദിയൂരപ്പയുടെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നതാണ്.
സ്ഥാനങ്ങൾ ലഭിക്കാത്തതിൽ അതൃപ്തരായ എംഎൽഎമാർ ബിജെപിയിലേക്ക് പോവാൻ നിൽക്കുന്നതായാണ് സൂചന, ബിജെപി യിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന എംഎൽഎമാരെ പാർട്ടിയിലെത്തിച്ച് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.

ബംഗളൂരുവിൽ പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറെ സ്വാധീനിച്ച് മുഖ്യമന്ത്രിയായ യെദിയൂരപ്പ കേവല ഭൂരിപക്ഷം തെളിയിക്കാൻ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും സാധിക്കാത്തതിനാൽ രണ്ട് ദിവസത്തിനകം നാണം കെട്ട് രാജിവെച്ചൊഴിയുകയായിരുന്നു.