ഡോ.കഫീൽ ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്;അപകടനില തരണം ചെയ്തു

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ള കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്. ഗോരഖ്പൂറിൽ ബിസിനസുകാരനായ സഹോദരൻ കാശിഫ് ജമാലിനെതിരെയാണ് വെടിവെപ്പ് ഉണ്ടായത്. ഗുരുതരാവസ്ഥയിലായ കശിഫ് ജമാലിനെ ഗോരഖ്പൂറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിൽ നിന്നും രണ്ട് വെടിയുണ്ടകൾ കണ്ടെടുത്തു. വെടിയുണ്ടകൾ നീക്കം ചെയ്തുവെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ദുർഗബ്ദി പോലീസ് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കശിഫ് ജമാല്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലെത്തി രണ്ടംഗ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് നേരത്തെ കഫീൽ ഖാൻ ആരോപിച്ചിരുന്നു