വായ്‌പാ തട്ടിപ്പ് വീരൻ നീരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടി

 

പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് പതിനൊന്നായിരം കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി നീരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയതായി റിപ്പോർട്ടുകൾ. തനിക്ക് രാഷ്ട്രീയാഭയം നല്കണമെന്നാവശ്യപ്പെട്ട് ന്യൂ യോർക്കിലായിരുന്ന നീരവ് മോദി ബ്രിട്ടനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിന്നും പതിനൊന്നായിരം കോടി രൂപയുടെ വായ്പയെടുത്ത നീരവ് മോദി പണം തിരിച്ചടയ്ക്കാതെ ബാങ്കിനെ കബളിപ്പിക്കുകയായിരുന്നു. വീണ്ടും ബാങ്കിൽ നിന്നും പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോസ്കി പിടിയിലാവുന്നത്. അതേസമയം, തങ്ങൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തി എന്ന ആരോപണം നീരവ് മോദിയും മെഹുൽ ചോസ്കിയും നിഷേധിച്ചിട്ടുണ്ട്.

വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ വിജയ് മല്യ ബ്രിട്ടനിൽ തുടരുന്നതിനിടെയാണ് നീരവ് മോദിയും ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടുന്നത്. വിജയ് മല്യയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഭരണകൂടം ശ്രമിച്ചുവെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.