രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകൾ; ആർഎസ്എസിനെതിരായ അപകീർത്തി കേസിൽ വാദം ആരംഭിച്ചു

 

ആർഎസ്എസിനെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് രാഹുൽ ഗാന്ധിക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേസിൽ ഭീവണ്ടി മജിസ്‌ട്രേറ്റ് കോടതി വാദം കേൾക്കാൻ ആരംഭിച്ചു. പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി രാഹുൽ ഗാന്ധി കോടതിയെ ബോധിപ്പിച്ചു. ആർഎസ്എസ് നിയമനടപടിയുമായി മുന്നോട്ട് വന്നത് മുതൽ രാഹുൽ ഗാന്ധി പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കിയിരുന്നു.

ആർഎസ്എസ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി എന്ന പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധി കോടതി നടപടി നേരിടുന്നത്. ആർഎസ്എസ് നേതാവ് രാജേഷ് കുന്തെയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. മഹാത്മാ ഗാന്ധിയുടെ മരണത്തിൽ ആർഎസ്എസിന് ഉത്തരവാദിത്വമില്ല എന്നാണ് സംഘപരിവാറിന്റെ വാദം. നാഥുറാം ഗോഡ്‌സെയുടെ സംഘ ബന്ധവും ഇവർ തള്ളിക്കളയുന്നു.