ഉത്തരകൊറിയ ആണവ വിമുക്തമാവും; കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ലോകം സാക്ഷ്യം വഹിച്ചത് നിർണായക നിമിഷങ്ങൾക്ക്

സെന്റോസയിൽ നടന്ന യുഎസ്- ഉത്തര കൊറിയ ഉച്ചകോടിയിൽ നിർണായക തീരുമാനങ്ങൾ ഉരുത്തിരിഞ്ഞ് വന്നു. കരാർ പ്രകാരം ഉത്തര കൊറിയ സമ്പൂർണമായി ആണവ വിമുക്തമാവും. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കിം ഉറപ്പ് നൽകി. ലോകം അസാധ്യമെന്ന് കരുതിയ നിമിഷത്തിനാണ് സിംഗപ്പൂരിലെ സെന്റോസ ദ്വീപ് സാക്ഷ്യം വഹിച്ചത്.
ചർച്ച നടത്തി ഒത്തുതീർപ്പിലെത്തിയ കിമ്മും ട്രംപും അപ്രതീക്ഷിതമായാണ് കരാറിൽ ഒപ്പിട്ടത്. പിന്നാലെ കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. പഴയതെല്ലാം മറക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഇരു രാഷ്ട്രത്തലവന്മാരും സമാധാനത്തിന്റെ പാതയിലേക്ക് ഇറങ്ങിയത്.
ഇരു രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് ഇറങ്ങിയതോടെ ആണവ യുദ്ധ ഭീഷണിയുടെ നിഴലിൽ നിന്നും ഒഴിഞ്ഞ ആശ്വാസത്തിലാണ് ലോകരാഷ്ട്രങ്ങൾ. ബദ്ധവൈരികളായ രാഷ്ട്രങ്ങൾ സമാധാനത്തിന്റെ പാതയിലേക്ക് ഇറങ്ങി വന്നതിനെ ലോകരാഷ്ട്രങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഉത്തര കൊറിയയുടെ സഖ്യരാഷ്ട്രമായ ചൈന അടക്കം പുതിയ ചർച്ചകളെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.