കശ്മീരില്‍ പി.ഡി.പി.യുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പി.യുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. പി.ഡി.പി.- ബി.ജെ.പി.സഖ്യം അവിശുദ്ധബന്ധമായിരുന്നുവെന്നും അതിന്റെ തകര്‍ച്ച സ്വാഭാവികമാണെന്നും ജമ്മുകശ്മീര്‍ പി.സി.സി.അധ്യക്ഷന്‍ ജി.എ.മിര്‍ അഭിപ്രായപ്പെട്ടു.

പി.ഡി.പി.-ബി.ജെ.പി. സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തിന് വിനാശകരമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. സാമൂഹികമായും സാമ്ബത്തികമായും സംസ്ഥാനം പ്രതിസന്ധിയിലായി. ജമ്മുകശ്മീര്‍ സമ്ബൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലാണ്. ഈയവസ്ഥയ്ക്ക് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി.ക്കും വലിയ പങ്കുണ്ട്. കശ്മീര്‍ കാര്യത്തില്‍ കേന്ദ്രം സമ്ബൂര്‍ണ പരാജയമായിരുന്നു -അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അനുദിനം വഷളായി വരുന്ന സാഹചര്യത്തില്‍ ഒരു ബദല്‍ സഖ്യത്തിന് മുന്‍കൈയെടുക്കുന്നത് രാഷ്ടീയമായി ഗുണം ചെയ്യില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.