ബാഹുബലി പോലെയല്ല, ഇതൊരു പുതിയ തരത്തിലുള്ള ചിത്രമാണ്; ബ്രഹ്മാസ്ത്ര എന്ന സിനിമയെ കുറിച്ച് രണ്‍ബീർ പറയുന്നതിങ്ങനെ…

രണ്‍ബീര്‍ തന്റെ ബിഗ്ബജറ്റ് ചിത്രം ബ്രഹ്മാസ്ത്ര എന്ന സിനിമയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാർത്തകളെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ്. രണ്‍ബീറിനൊപ്പം അമിതാഭ് ബച്ചനും ആലിയ ഭട്ടും വേഷമിടുന്ന ഈ ചിത്രം ബാഹുബലി പോലെയുള്ള ഒരു ചരിത്ര സിനിമയായിരിക്കും എന്ന വാർത്തകളാണ് പ്രചരിക്കപ്പെടുന്നത്.

എന്റെ സുഹൃത്ത് അയാന്‍ അഞ്ചു വര്‍ഷങ്ങളെടുത്താണ് ഈ ചിത്രത്തിനായി രചന നടത്തിയത്. മൂന്നു ഭാഗങ്ങളായാണ് ഈ ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയത്. ഇതൊരു പുതിയ തരത്തിലുള്ള ചിത്രമാണ്. ബാഹുബലി പോലെയാണ് ബ്രഹ്മാസ്ത്രയും എന്ന് പല റിപ്പോര്‍ട്ടുകളും വാര്‍ത്തകളും കണ്ടു എന്നാല്‍ യാഥാർഥ്യം ഇതൊരു സൂപ്പര്‍നാച്വറല്‍ ചിത്രമാണെന്നതാണ്, ഇന്നത്തെ നിലയില്‍ നാഗരികമായ മുംബൈയില്‍ നടക്കുന്ന സംഭവങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

ഒരു മോഡേണ്‍ ഡേ ഫെയറി ടെയ്‌ലാണ് ഇത്. ഇതിലുള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രകൃത്യാതീത ശക്തിയുണ്ട് രണ്‍ബീര്‍ പറഞ്ഞു. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. രണ്‍ബീറിന്റെ അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം സഞ്ജുവാണ്. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം ജൂണ്‍ 29ന് തീയേറ്ററുകളിലെത്തും.