കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്

കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇതിന് പുറമെ, മല്യയുടെ വിമാനകമ്പനിയായ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനും, യുണൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്സ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 30ന് പരിഗണിക്കുന്നതായിരിക്കും. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരേയും എന്‍ഫോഴ്സ്മെന്റ് കുറ്റപ്പത്രം നല്‍കിയിട്ടുണ്ട്.