നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയ്ക്ക് വേണ്ടി നടത്തിയത് മൂവായിരത്തോളം കോടി രൂപയുടെ വായ്പത്തട്ടിപ്പ്; ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിഇഒ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

മുംബൈ: നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വമ്ബന്‍ ഡി.എസ്.കുല്‍ക്കര്‍ണിക്ക് വേണ്ടി 3000ത്തോളം രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ ഉള്‍പ്പെടെ ആറുപേര്‍കൂടി അറസ്റ്റില്‍. നിക്ഷേപത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ഡി.എസ്. കുല്‍ക്കര്‍ണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പ നല്‍കിയെന്ന കേസിലാണ് ബാങ്ക് മേധാവികള്‍ അറസ്റ്റിലായത്.

രവീന്ദ്ര മറാഠേക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുശീല്‍ മഹ്നോട്ട്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കര്‍ എന്നിവരെയാണ് പുണെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റുചെയ്തത്.

മഹാരാഷ്ട്ര ബാങ്കിന്റെ 3000കോടിയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്. എസ്ബിഐ, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഐഡിബിഐ ബാങ്കുകളിലേക്ക് കൂടി അന്വേഷണം വ്യാപിക്കും.

സുനില്‍ മഹ്നോട്ടയെ ജയ്പുരില്‍നിന്നും ദേശ്പാണ്ഡെയെ അഹമ്മദാബാദില്‍ നിന്നും ബാക്കിയുള്ളവരെ പുണെയില്‍ നിന്നുമാണ് പിടികൂടിയത്. പുണെയിലെ പ്രമുഖ വസ്തുവ്യാപാരിയും കെട്ടിടനിര്‍മ്മാതാവുമാണ് ഡി.എസ്. കുല്‍ക്കര്‍ണി. കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തിയും നാലായിരത്തിലേറെ നിക്ഷേപകരില്‍ നിന്നായി 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റിലായത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഉന്നതര്‍ കുല്‍ക്കര്‍ണിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ഈ തട്ടിപ്പു നടത്തിയതെന്ന് കണ്ടതിനെത്തുടര്‍ന്നാണ്  കൂടുതല്‍പേര്‍ അറസ്റ്റിലായത്.