വിമർശനങ്ങൾക്കൊടുവിൽ ട്രംപ് മുട്ടുമടക്കി; കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി

വാഷിങ്​ടണ്‍: കുടിയേറ്റക്കാരുടെ കുടംബാംഗങ്ങളെ അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടരുമെന്നും എന്നാല്‍ കുടുംബത്തെ വേര്‍പിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

യു.എസ്​-മെക്​സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ്​ ഇവര്‍ക്കെതിരെ ശക്​തമായ നടപടി അമേരിക്ക സ്വീകരിച്ചത്​. കുട്ടികളെ കുടംബത്തില്‍ നിന്ന്​ അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ്​ സ്വീകരിച്ച നടപടി. എന്നാൽ ഇതിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപില്‍ നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനം നേരിട്ടതോടെയാണ്​ കുടിയേറ്റക്കാരായ നടപടിയിൽ മാറ്റം വരുത്തിയത്.

അനധികൃത കുടിയേറ്റക്കാരെ ജയിലില്‍ അടക്കുന്നതിന് മുന്നോടിയായി കൈകുഞ്ഞുങ്ങളെയും വിദ്യാര്‍ത്ഥികളെയും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലേക്ക് മാറ്റുന്ന നടപടിയായിരുന്നു ട്രംപ് കൈക്കൊണ്ടത്. രക്ഷിതാക്കളില്‍ നിന്ന്​ അകറ്റിയ കുഞ്ഞ്​ കരയുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വരികയും ഇത് അന്തരാഷ്​ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടവെക്കുകയും ചെയ്​തിരുന്നു.  തുടർന്ന് ലോക വ്യാപകമായി അമേരിക്കക്കെതിരെ പ്രതിഷേധമായി എത്തിയതോടൊപ്പം അമേരിക്കന്‍ ജനതയും ട്രംപിന്റെ ഭാര്യ മെലാനിയയും ട്രംപിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

പുതിയ ഉത്തരവ്​ പ്രകാരം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന്​ അകറ്റില്ല. എന്നാല്‍ കുടിയേറ്റക്കാരെ ഫെഡറല്‍ കസ്​റ്റഡിയില്‍ സൂക്ഷിക്കുകയും അനധികൃതമായി കുടിയേറിയതിന്​ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബുധനാഴ്​ചയാണ്​ ഉത്തരവില്‍ ഒപ്പുവെച്ചത്​. അതിര്‍ത്തി സുരക്ഷ ശക്​തമാക്കുന്നതോടൊപ്പം കുടിയേറ്റക്കാരുടെ വികാരം കൂടി മാനിച്ച്‌​ കുടുംബത്തോടൊപ്പം ഒരുമിച്ച്‌​ നില്‍ക്കാന്‍ അവരെ അനുവദിക്കുമെന്നും ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ്​ വ്യക്​തമാക്കി.