ഗോളാഘോഷം വിനയാവുന്നു; ഷാക്കയ്ക്കും ഷകീരിക്കും ഫിഫ വിലക്കേർപ്പെടുത്തിയേക്കും

സെർബിയക്കെതിരെയുള്ള ഗോൾ നേട്ടത്തിന് ശേഷം സ്വിസ് താരങ്ങളായ ഷാക്കയും ഷകീരിയും നടത്തിയ ആഘോഷം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഗോളാഘോഷത്തിന്റെ ഭാഗമായി അല്‍ബേനിയന്‍ കഴുകന്റെ ചിഹ്നമാണ് ഇരു താരങ്ങളും കാണിച്ചത്.എന്നാൽ ഈ ഗോളാഘോഷത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫിഫ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് സെര്‍ബിയയാണ് ഫിഫയക്ക് പരാതി നല്‍കിയത്. ഇരുവരെയും രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെടാണ് സെര്‍ബിയ ഫിഫയെ സമീപിച്ചിരിക്കുന്നത്.സെർബിയയുടെ പരാതിയിൽ ഫിഫ ഇരുവർക്കുമെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം സ്വിസ് താരങ്ങള്‍ക്കതിരെ മാത്രമല്ല സെര്‍ബിയന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെയും സെര്‍ബിയന്‍ ടീമിന്റെ കോച്ചിന് എതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. മത്സരം നടക്കുമ്പോള്‍ താരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ ബഹളം വച്ചതും, സ്വിസ് താരങ്ങള്‍ക്കെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങള്‍ നടത്തിയെന്നും പുറത്തു വന്ന വാര്‍ത്തയാണ് സെര്‍ബിയന്‍ ടീമിന് വിനയായത്.