പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്: അവസാന വിക്കറ്റിലെ അത്ഭുത കൂട്ടുകെട്ട് ഓസീസിനെ നിഷ്പ്രഭമാക്കി

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്. അഞ്ചാം ഏകദിനത്തില്‍ ഒരു വിക്കറ്റിന് ജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പരതൂത്തുവാരിയത് സ്‌കോര്‍-ഓസ്ട്രേലിയ 205 (34.4), ഇംഗ്ലണ്ട് 208-9 (48.3)

വിജയലക്ഷ്യമായ 206 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു 114 റണ്‍സ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും, ആറാമനായി ക്രീസില്‍ എത്തിയ ജോസ് ബട്ലര്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ബട്ലര്‍ 110 റണ്‍സോടെ പുറത്താകാതെനിന്നു. ഒന്‍പതാം വിക്കറ്റില്‍ ആദില്‍ റഷീദുമൊത്ത് 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബട്ലര്‍ പടുത്തുയര്‍ത്തിയത്. ഒന്‍പതു പന്തു ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ നിരയില്‍ നിന്ന് ട്രാവിസ് ഹെഡ് (56), ഡാര്‍സി ഷോര്‍ട്ട് (47), അലക്സ് കാരെ (44) എന്നിവര്‍ മാത്രമാണ് നന്നായി കളിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ് (0), ഷോണ്‍ മാര്‍ഷ് (8), ടിം പെയിന്‍ (1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ആരോണ്‍ ഫിഞ്ച് 22 റണ്‍സെടുത്താണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി മോയിൻ അലി നാലു വിക്കറ്റുകളുംം സാം കുറന്‍ രണ്ടും വിക്കറ്റുകളും വീഴ്ത്തി.

ആദ്യമായാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുന്നത്.