പ്രിയാ വാര്യരുടെ കണ്ണിറുക്കലിൽ വീണ് സംവിധായകനും നിര്‍മ്മാതാവും തെറ്റി; ഒമര്‍ ലുലുവിന്‍റെ ‘ഒരു അഡാര്‍ ലവ്’ പ്രതിസന്ധിയിലേക്ക്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പ്രതിസന്ധിയിലേക്ക്. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്‍ ഹിറ്റായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ഒമര്‍ ലുലു വ്യക്തമാക്കി. കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്.

പ്രിയയും റോഷനും മിടുക്കരാണെന്ന് കണ്ടതോടെ അവര്‍ക്ക് ചെറുതായി പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പാട്ട് വൈറലായത്. ഇതോട് കൂടി പ്രിയക്കും റോഷനും കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥ തന്നെ മാറ്റി എഴുതി. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ് ആവശ്യപ്പെടുന്നത് പൂര്‍ണമായും പ്രിയക്ക് പ്രാധാന്യം നല്‍കണമെന്നാണെന്നും ഒമര്‍ ലുലു പറഞ്ഞു.

തിരക്കഥ മാറ്റി എഴുതാനായി സിനിമ നിര്‍ത്തിവെച്ചിട്ട് പിന്നീട് ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. 240 ദിവസങ്ങള്‍ ഇപ്പോള്‍ ഷൂട്ടിങിനായി ചെലവാക്കി. 40 ശതമാനം മാത്രമാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്ക് താഴെ ബഡ്ജറ്റ് പറഞ്ഞ് തുടങ്ങിയ സിനിമ 3.50 കോടി രൂപയ്ക്ക് മുകളിലായി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് തുടര്‍ പ്രതികരണങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാലക്കുഴി പറഞ്ഞു.