ഡബ്ല്യൂസിസിയില്‍ പൊട്ടിത്തെറി; മഞ്ജുവാര്യര്‍ രാജിവെച്ചു?

കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമയില്‍ രൂപം കൊണ്ട വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പിളര്‍ന്നതായി റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്നും നടി മഞ്ജുവാര്യര്‍ രാജിവച്ചതായാണ് വിവരം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ രാജിക്കത്ത് ഇ മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയെന്നാണ് നിഗമനം . എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചന. ഡബ്ല്യൂസിസിയുടെ കഴിഞ്ഞ യോഗങ്ങളില്‍ മഞ്ജു തന്‍റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് സംഘടനയുമായി നടിയുടെ ബന്ധം മോശമായതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഘടനയില്‍ പ്രശ്നങ്ങളില്ലെന്നാണ് സംവിധായിക വിധു വിന്‍സന്‍റ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ഡബ്ലുസിസിയില്‍ അംഗമായ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും രമ്യ നമ്പീശൻ, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. അമ്മയില്‍ അംഗത്വമുള്ള രണ്ടു നടിമാരോട് കൂടി ഡബ്ല്യൂസിസി രാജിക്ക് ആവശ്യപ്പെട്ടുവെന്നും ഇവര്‍ വഴങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.