‘അമ്മ’യ്ക്കെതിരെ സിപിഎം;”ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റ്; ഹീനമായ അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കണം”

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം സംഘടനയിലെ തന്നെ അംഗമായ സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ ജയിൽ വാസം അനുഷ്ടിച്ച നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത്
തെറ്റായിപോയെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീനടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ A.M.M.A സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനമെന്നും ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും

ഈ യാഥാര്‍ത്ഥ്യം സംഘടനാ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നുവെന്നും സിപിഎം പറഞ്ഞു.