നടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

ബോളിവുഡ് സൂപ്പര്‍ താരവും മുന്‍രാജ്യസഭാംഗവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിയ്ക്കും ഭാര്യ യോഗീത ബാലിക്കുമെതിരെ ലൈംഗിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു. നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതിയുടെ പരാതിയിലാണ് ഡല്‍ഹിയിലെ രോഹിണി കോടതി എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. വഞ്ചന, പീഡനം. സമ്മതപ്രകാരമല്ലാതെയുള്ള ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയിലെ വലിയ ആരോപണങ്ങള്‍.

2015 ഏപ്രിലിലാണ് യുവതിയും മഹാക്ഷയുമായി പരിചയപ്പെടുന്നത്. ഒരു മാസത്തിന് ശേഷം മഹാക്ഷയ് യുവതിയെ താന്‍ താമസിക്കുന്ന സ്ഥലത്ത് വിളിച്ച് വരുത്തുകയും ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഇരുവരും ബന്ധം തുടര്‍ന്നുവെങ്കിലും പിന്നീട് ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിതമായി ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ഭാര്യയും മഹാക്ഷയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു വെന്ന് യുവതി ആരോപിക്കുന്നു. പീഡനത്തിന് ഭാര്യയും കൂട്ടുനിന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ട്.