യു.എ.ഇ ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പണി തുടങ്ങി; ഒമ്പത് ഇറാനിയന്‍ കമ്പനികൾ മരവിപ്പിച്ചു

അബൂദബി: അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പണി തുടങ്ങി. യു.എ.ഇ കരിമ്പട്ടികയില്‍ പെടുത്തിയ ഒമ്പത് ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് നടപടി. ഇവയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും യു.എ.ഇ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കി.

ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ സഹചര്യത്തിലാണ് തീരുമാനം. ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധം പുലര്‍ത്തുന്ന തീവ്രവാദി സംഘനകളും വ്യക്തികളും എന്നാരോപിച്ചാണ് നടപടി.

ഇറാനും യു.എ.ഇയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നു. ഇറാന്‍ ആണവ പദ്ധതി, യമനിലെയും സിറിയയിലെയും യുദ്ധത്തിലുള്ള ഇറാന്റെ ഇടപെടല്‍, രണ്ട് ദ്വീപുകളുടെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍. അതിനിടെ, ഇറാന്റെ എണ്ണ കയറ്റുമതി തടയപ്പെടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയിലെ ലഭ്യത കുറയുന്നതും അതുവഴി എണ്ണ വില കുത്തനെ ഉയരുന്നതും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നും യു.എ.ഇ അറിയിച്ചു.

പ്രതിദിനം ലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഔദ്യോഗിക സ്ഥാപനമായ അബൂദബി നാഷനല്‍ ഓയില്‍ കമ്പനി അറിയിച്ചു. എണ്ണ വിപണിയിലെ വില രിടിച്ചുനിര്‍ത്തുന്നതിന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയോട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും സൗദി മന്ത്രി സഭ അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാമെന്നാണ് സൗദി ഏറ്റിരിക്കുന്നത്. അതേസമയം, എണ്ണ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിന്റെ നയങ്ങള്‍ക്കെതിരാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.