സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാൾ കോൺഗ്രസ്; ”ഇടത് സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരും’

ബംഗാളിൽ ഇടതുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് കോൺഗ്രസ് ബംഗാൾ ഘടകം.സിപിഎമ്മുമായി ബന്ധം സ്ഥാപിച്ചാൽ പാർട്ടി പിളരുമെന്നും ബംഗാൾ കോൺഗ്രസ് നേതാക്കൾ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായവും യോഗത്തിലുയർന്നു. സിപിഎമ്മുമായി സഖ്യം വേണ്ടെന്ന നിലപാടാണ് യോഗത്തിനെത്തിയ ഭൂരിഭാഗവും വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്കെത്തിയ 40 പേരില്‍ 90 ശതമാനവും തൃണമൂലുമായി സഖ്യം ചേരണമെന്ന് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യം ജനങ്ങള്‍ തീരുമാനിച്ചതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.