നാളെ നടക്കുന്ന മോദിയുടെ ജയ്പൂര്‍ റാലിക്ക് ഗതാഗത ചിലവായി രാജസ്ഥാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 7.23 കോടി; 2.5 ലക്ഷം പേരെ സംസ്ഥാന സര്‍ക്കാര്‍ ചിലവില്‍ എത്തിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപണം

ജൂലൈ 7ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയ്ക്കുള്ള ഗതാഗത ചിലവായി രാജസ്ഥാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 7.23 കോടി. വ്യാഴാഴ്ച ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

റാലിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായ രണ്ടര ലക്ഷം പേരെ പ്രധാനമന്ത്രി കാണുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള റാലിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ചിലവില്‍ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2.5 ലക്ഷം പേരെ മോദി കാണുമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമാണ് ഇത്രയേറെ തുക ചിലവഴിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാജസ്ഥാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റാലി നടക്കുന്ന ജയ്പൂരിലേക്ക് 5579 ബസുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് 5000 പേരെ അയക്കാന്‍ ബാര്‍മര്‍ ജില്ലാ ഭരണകൂടത്തിന് 24.10 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഇതിനു പുറമേ പ്രധാനമന്ത്രിയുമായി സംസാരിക്കാനായി തെരഞ്ഞെടുത്തവര്‍ക്ക് മോദിയുടെ ചോദ്യങ്ങള്‍ക്ക് പോസിറ്റീവായി എങ്ങനെ മറുപടി നല്‍കാമെന്നത് സംബന്ധിച്ച് പരിശീലനവും നല്‍കുന്നുണ്ട്.

ഭാരത്പൂര്‍ ജില്ലയില്‍ നിന്നും ഇതിനായി തിരഞ്ഞെടുത്ത അഞ്ചുപേരില്‍ ഒരാളായ മഞ്ജു ദേവി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോദിയോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് പോസിറ്റീവായി ഉത്തരം നല്‍കണമെന്നുമാണ് തന്നോട് നിര്‍ദേശിച്ചിട്ടുള്ളതെന്നും
മഞ്ജു ദേവി പറഞ്ഞു. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ വസുന്ധര രാജെയാണ് മുഖ്യമന്ത്രി.