സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങി; പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി; ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ ഡ്രൈവര്‍മാർ മാതൃരാജ്യങ്ങളിലേക്ക് ജോലി രഹിതരായി മടങ്ങിപ്പോയി

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്മെന്റ് കുറഞ്ഞതായി റിപ്പോര്‍ട്ടുകൾ പുറത്ത്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ ഡ്രൈവര്‍മാരെയാണ് മാതൃരാജ്യങ്ങളിലേക്ക് ജോലി രഹിതരായി മടങ്ങിപ്പോയത്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 25 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. അടുത്ത വര്‍ഷം ഇത് 50 ശതമാനത്തിന് മുകളിലാകുമെന്നാണ് സൂചനകൾ. രണ്ട് വര്‍ഷത്തിനകം സൗദിയിലെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന 40 ശതമാനം വിദേശികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകൾ.

രണ്ടാഴ്ച മുമ്പാണ് സൗദിയില്‍ വനിതകള്‍ വാഹനം നിരത്തിലിറക്കി തുടങ്ങിയത്. അതേസമയം വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയത് സ്വദേശി കുടുംബങ്ങളുടെ ചെലവ് കുറയ്ക്കാനായെന്നും വിദേശത്തേക്ക് ഒഴുകുന്ന പണത്തില്‍ കുറവു വരുത്താനും സഹായകമായെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ഡോ. സാമി അല്‍ അബ്ദുല്‍ കരിം പറയുന്നു.