വാട്ട്‌സാപ്പ് പണി തുടങ്ങി; ഇനി വ്യാജന്‍മാരെ പൂട്ടാന്‍ പുതിയ ഫീച്ചർ

സമൂഹമാധ്യമങ്ങളില്‍ വ്യാജന്മാരുടെ എണ്ണം കൂടി വരുന്ന സന്ദര്‍ഭത്തില്‍ ഇവരെ പൂട്ടാന്‍ പുതിയ ഫീച്ചറുമായാണ് വാട്ട്‌സാപ്പിന്റെ വരവ്. വ്യാജമായി നിര്‍മ്മിച്ച വാര്‍ത്തകളും മറ്റ് സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാന്‍ വേണ്ടി സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍ സംവിധാനമാണ് ഇതിനായി ചേർക്കുക. വാട്ട്‌സാപ്പിന്റെ ഈ പുതു ചുവട് വെപ്പിന്റെ ചിത്രങ്ങള്‍ വാബീറ്റല്‍ ഇന്‍ഫോ ആണ് പ്രസിദ്ധീകരിച്ചത്. ബീറ്റാ 2.18.204 ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ സംവിധാനം ലഭ്യമാകുമാത്രെ. ഇതിലൂടെ വാട്ട്‌സാപ്പില്‍ വരുന്ന ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയുവാന്‍ സാധിക്കും.

ലിങ്കില്‍ കുഴപ്പം കണ്ടാല്‍ ചുവന്ന ലേബല്‍ മുന്നറിയിപ്പായി വരും. അതായത് ലിങ്ക് ഉപഭോക്താവിനെ തെറ്റായ വെബ്‌സൈറ്റിലേക്കാണോ കൊണ്ടു പോകുന്നതെന്ന് ഫീച്ചര്‍ വഴി ഓട്ടോമാറ്റിക്കായി അറിയാന്‍ സാധിക്കും. മുന്നറിയിപ്പിന് ശേഷവും ലിങ്ക് തുറന്നാല്‍ രണ്ടാമത് ഒരറിയിപ്പ് കൂടെ വാട്ട്‌സാപ്പ് തരും. വ്യാജ സന്ദേശങ്ങള്‍ വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്നത് തടയുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വാട്ട്‌സാപ്പിന്റെ പുതിയ തീരുമാനം.