ഇത് ചരിത്ര മുഹൂർത്തം;തായ്‌ലൻഡിൽ ഗുഹക്കകത്ത് കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു;സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് ലോകത്തിന്റെ കൈയ്യടി

ഒടുവിൽ ആ പതിമൂന്ന് പേരും വെളിച്ചം കണ്ടു.മരണമുഖത്തിൽ നിന്ന് പുനർജന്മവുമായി സ്വന്തക്കാരുടെയടുത്തേക്ക് അവർ അവിശ്വസനീയമായി തിരിച്ചെത്തിയിരിക്കുന്നു.തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പതിനേഴ് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ് ഇന്നു വൈകിട്ടോടെ എല്ലാവരെയും പുറത്തെത്തിക്കാന്‍ സാധിച്ചത്. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു.ഗുഹയുടെ പുറത്തെത്തിച്ച കുട്ടികളുടെയും പരിശീലകന്റെയും ആരോഗ്യസ്ഥിതിയിൽ പ്രശ്നമൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്സുക്ക് മാധ്യമങ്ങളെ അറിയിച്ചു.ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്