”മമ്മൂട്ടിയുടേത് ഒന്നൊന്നര അഭിനയം” ;പേരന്‍പ് ഫസ്റ്റ് ലുക്ക് പ്രോമോയ്ക്ക് മികച്ച പ്രതികരണം (വീഡിയോ കാണാം)

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്കും മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്.’മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”. നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുദന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ആം സ്ഥാനത്താണ് ഈ സിനിമ. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17 ാം സ്ഥാനത്തെത്തിയത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.
ജൂലൈ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.