സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്; അഭിമന്യുവിന്റെ കൊലപാതകം സർക്കാർ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായ അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാരും പൊലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന് മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പിണറായിയും മോദിയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.