ശ്രീശാന്തിന്റെ കളി കന്നഡ സിനിമയിലേക്കും; ഇത്തവണ വില്ലന്‍ വേഷത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് ശ്രീശാന്ത്. ‘ടീം 5’ എന്ന മലയാള ചിത്രത്തിലൂടെ നായകനായാണ് ശ്രീശാന്ത് വെള്ളിത്തിരയില്‍ എത്തിയത്. ‘അക്‌സര്‍ 2’ എന്ന ഹിന്ദി ചിത്രത്തിലും ശ്രീശാന്ത് അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ കന്നഡ സിനിമാ മേഖലയിലേക്ക് ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ശ്രീ.

റോഷന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന കെംപെ ഗൗഡ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലനായിട്ടാണ് ശ്രീ എത്തുന്നത്. ചിത്രത്തിന് വേണ്ടി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും. എസ് കമ്ബനി പ്രൊഡക്ഷന്റെ ബാനറില്‍ ശങ്കര്‍ ഗൗഡയും ശങ്കര്‍ റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.