മാധ്യമപ്രവര്‍ത്തകനെ ലൈവില്‍ ചുംബിച്ച്‌ ആരാധികമാർ; വീഡിയോ വൈറൽ

മോസ്‌കോ: ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരെ കയറിപിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് സമാനമായ അനുഭവം ഇപ്പോള്‍ ഒരു പുരുഷ റിപ്പോര്‍ട്ടര്‍ക്കും ഉണ്ടായിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയായണ്.

ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ടറെയാണ് ലൈവ് റിപ്പോര്‍ട്ടിങിനിടെ റഷ്യന്‍ വനിതാ ആരാധകര്‍ ചുംബിച്ചത്. ദക്ഷിണകൊറിയന്‍ ചാനലായ എം.ബി.എന്നിന്റെ റിപ്പോര്‍ട്ടര്‍ക്കാണ് റഷ്യന്‍ വനിതകളുടെ ചുംബനമേറ്റത്. എന്നാൽ ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇത് പുരുഷ പീഡനമാണ്, വനിതാ റിപ്പോര്‍ട്ടര്‍മാരെ ചുംബിച്ചപ്പോള്‍ പീഡനമെന്ന് ആക്രോശിക്കുന്നവര്‍ എന്ത് കൊണ്ട് പുരുഷ റിപ്പോര്‍ട്ടര്‍ക്ക് സമാനമായ അനുഭവമുണ്ടായപ്പോള്‍ ഒന്നും പറയുന്നില്ലെന്നാണ് പലരുടെയും ചോദ്യം.

ലോകപ്പ് റിപ്പോര്‍ട്ടിങിനിടെ ഇതിനോടകം മുപ്പതോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ റഷ്യയിലെ പൊതുമധ്യത്തില്‍ ഇത്തരത്തില്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്നാണ് കണക്കുകള്‍. നേരത്തെ ഒരു ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ചതിന് ശേഷം യുവാവ് മാപ്പ് പറയുകയും സുഹൃത്തുക്കളോട് ബെറ്റ് വെച്ചതിന് ശേഷമാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ന്യായീകരണം.