കത്വ പീഡനം: സബ് ഇന്‍സ്‌പെക്ടര്‍ ഉൾപ്പെടെ നാല് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിച്ചു. നാല് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

പൊലീസുകാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ഡിജിപി എസ്.പി വൈദ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത്, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൊത്തം എട്ടു പ്രതികളാണ് ഉള്ളത്. കുറ്റപത്രപ്രകാരം ദീപക് ഖജൂരിയ ബാലികയെ പീഡിപ്പിച്ചതിലും കൊലപ്പെടുത്തിയതിലും ഉള്‍പ്പെട്ടിരുന്നു.