‘സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ കൂടിയാണ്; ‘കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്; സ്ത്രീകൾക്കായി മാത്രം ഡബ്ല്യുസിസി പോലൊരു സംഘടന ആവശ്യമില്ല; എല്ലാം തുറന്ന് പറഞ്ഞ് മമ്താ മോഹന്‍ദാസ്

ലൈംഗിക അതിക്രമങ്ങളെ നിസ്സാരമാക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി നടി മമ്താ മോഹന്‍ദാസ് രംഗത്ത്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നും മമ്ത പറഞ്ഞു. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ലെന്നും മമ്ത പറഞ്ഞു.

ഞാന്‍ അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത് 2005-06 സമയത്താണ്. അതിന് ശേഷം ഞാന്‍ ഒരു യോഗത്തില്‍ പോലും പങ്കെടുത്തില്ല. സ്ത്രീകളുടെ പരാതി പരിഹാരത്തില്‍ അമ്മ എത്ര ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് കമന്റ് പറയാന്‍ എനിക്ക് സാധിക്കില്ല. മമ്ത പറഞ്ഞു.

‘കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള,സ്വബോധം ആയിട്ടുള്ള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും, ശക്തയായ നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. എന്നാണ് എനിക്ക് തോന്നുന്നത്, ആവറേജ് ലുക്കിങ് (ശരാശരി ഭംഗിയുള്ള) സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ് – ജീവിതത്തിന്റെ എല്ലാ വശങ്ങളിലും, റിലേഷന്‍ഷിപ്പുകളിലും പ്രൊഫഷനിലുമെല്ലാം. അവര്‍ യഥാര്‍ത്ഥത്തില്‍ നന്നായി ജീവിക്കുന്നു’ –. മമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.