പ്രീസീസണിനൊരുങ്ങി ബാഴ്സ; പ്രമുഖ താരങ്ങളില്ലാതെ ബാഴ്സ അമേരിക്കയിലേക്ക്

പ്രീസീസൺ തയ്യാറെടുപ്പുകൾക്കായി അമേരിക്കൻ പര്യടനം നടത്തുന്ന ബാഴ്സലോണ ടീമിലേക്ക്സൂപ്പർ താരം ലയണൽ മെസിയെ ഉൾപ്പെടുത്തിയില്ല‌. ലോകകപ്പ് നിരാശയിലുള്ള മെസിക്ക് അതിൽ നിന്ന് മോചനം ലഭിക്കുന്നതിന് വേണ്ടി പ്രീസീസൺ മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിക്കുന്നു എന്നായിരുന്നു അറിയിപ്പ്. മെസിയെ കൂടാതെ ടീമിലെ മറ്റ് പ്രമുഖ താരങ്ങൾക്കും ബാഴ്സ വിശ്രമം നൽകിയിട്ടുണ്ട്.

മെസിയെക്കൂടാതെ, ജെറാഡ് പിക്വെ, ജോർഡി ആൽബ,ബുസ്കെറ്റസ്, സുവാരസ്, ഉംറ്റിറ്റി, ഡെംബലെ എന്നിവർക്കും പരിശീലകൻ ഏണസ്റ്റോ വൽ വർദെ വിശ്രമം നൽകി. പരിചയസമ്പത്ത് കുറഞ്ഞ സംഘവുമായിട്ടാകും ബാഴ്സലോണ അമേരിക്കയിൽ കളിക്കുക.

ചൊവ്വാഴ്ചയാണ്, അമേരിക്കയിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിനായി സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണ പറക്കുന്നത്. ടോട്ടൻഹാം, എ എസ് റോമ, എ സി മിലാൻ എന്നീ ടീമുകളെയാണ് ബാഴ്സലോണ നേരിടുക.