സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അഞ്ചു നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരവും ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി സൗജന്യ ഓട്ടോ സര്‍വീസും; നടന്‍ സൂര്യയുടെ ജന്മദിനം തകർത്താഘോഷിച്ച് കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍

തലശേരി: തമിഴ് താരം സൂര്യയുടെ ജന്മദിനത്തില്‍ വ്യത്യസ്ഥമായ ആഘോഷ രീതികളുമായി ഓള്‍ കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍ നിറഞ്ഞു നിന്നു. അസോസിയേഷന്‍ ഭാരവാഹികള്‍ പിറന്നാളിനോടനുബന്ധിച്ച്‌ തലശേരി ജനറല്‍ ആശുപത്രിയിലെ അഞ്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സ്നേഹ സമ്മാനമായി നല്‍കി. ഞായറാഴ്‌ച്ച രാത്രി 12മണിക്ക് ശേഷം ജനിച്ച അഞ്ചു കുഞ്ഞുങ്ങളെയായിരുന്നു ഈ ഭാഗ്യം തേടിയെത്തിയത്.

ഓള്‍ കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ പി.അഭിലാഷ്, അക്ഷയ്, ജിതിന്‍, സായന്ത് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി ഓട്ടോറിക്ഷ സൗജന്യമായി സര്‍വീസ് നടത്തുകയും ചെയ്തു. ആശുപത്രി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ രോഗികളെ സൗജന്യമായി എത്തിച്ചു. തലശ്ശേരി സമരിറ്റന്‍ ഹോമിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തു, തുടർന്ന് ഇവര്‍ക്കൊപ്പം കേക്ക് മുറിച്ച്‌ ആഹ്ലാദം പങ്കിട്ടുമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.