ഇങ്ങനെയാണെങ്കിൽ ഇന്ത്യ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ല; രൂക്ഷ വിമർശനവുമായി സെവാഗ്

ഏഷ്യാ കപ്പിൻറ്റെ മത്സര ക്രമം പുറത്ത് വിട്ടതോടെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ഏഷ്യാകപ്പിൽ യോഗ്യത നേടിയെത്തുന്ന ടീമുമായി സെപ്തംബർ 18 ന് മത്സരിക്കേണ്ട ഇന്ത്യൻ ടീമിന് പിറ്റേ ദിവസം പാകിസ്ഥാനുമായാണ് മത്സരം.ദുബൈയിലെ ചൂടൻ കാലാവസ്ഥയിൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് ഇന്ത്യൻ ടീമിൻറ്റെ പ്രകടനത്തെ ബാധിക്കുമെന്നും ഇത്തരമൊരു അവസ്ഥയിൽ ഈ ടൂർണ്ണമെൻറ്റിൽ ഇന്ത്യ കളിക്കേണ്ട ആവശ്യമില്ലെന്നുമാണ് സെവാഗ് പറയുന്നത്. ഏഷ്യാ കപ്പ് മത്സര ക്രമങ്ങളെ ശക്തമായി എതിർത്ത സെവാഗ് ഇംഗ്ലണ്ടിൽ ട്വൻറ്റി ട്വൻറ്റി മത്സരങ്ങൾക്ക് പോലും രണ്ട് ദിവസത്തെ ഇടവേള ഉണ്ടാകാറുണ്ടെന്നും കൂട്ടിച്ചേർത്തു