കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു ഇനിയും കളികളുണ്ടെന്ന്; മെല്‍ബണ്‍ സിറ്റി തകർന്നത് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്; റയല്‍ മാഡ്രിഡിനെ കരയിപ്പിച്ച വമ്പന്മാർ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെതിരെ

ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണയും തമ്മില്‍ ഏറ്റുമുട്ടും

ലാലീഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ജിറോണ എഫ്‌സി മെല്‍ബണ്‍ സിറ്റി എഫ്‌സിയെ തോൽപ്പിച്ചു. ക്രിസ്റ്റ്യന്‍ പോര്‍ച്ചുഗീസ് (11, 17), ആന്റണി റൂബന്‍ ലൊസാനോ (24), യുവാന്‍ പെഡ്രോ റാമിറസ് (50), യൊഹാന്‍ മാനി (68), പെഡ്രോ പോറോ (90+2) എന്നിവരാണ് ജിറോണയ്ക്കായി ഗോൾ കണ്ടെത്തിയത്.

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിനിറങ്ങിയ മെല്‍ബണ്‍ സിറ്റി ലാലീഗയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ജിറോണയുടെ സംപൂര്‍ണ മേധാവിത്വത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. മത്സരത്തിന്റെ എല്ലാ മേഖലയിലും പൂര്‍ണ ആധിപത്യമുറപ്പിച്ച ജിറോണയെ പൂട്ടാന്‍ മെല്‍ബണ്‍ സിറ്റി പാടുപെടുന്നതാണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ കണ്ടത്.

ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണയും തമ്മില്‍ ഏറ്റുമുട്ടും.