ഗാന്ധി ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്‌; അതുകൊണ്ട് ഇനി ആടുകളെയും മാതാവായി കാണണമെന്ന് ബിജെപി നേതാവ്; ഇത്തരം അസംബന്ധം പ്രചരിപ്പിക്കരുതെന്ന് മറ്റൊരു ബി.ജെ.പി നേതാവ്

വീടുകളില്‍ വളര്‍ത്തുന്ന ആടുകളെയും മാതാവായി കാണണമെന്ന വാദമുയര്‍ത്തി ബിജെപി എംപി രംഗത്ത്. മഹാത്മാ ഗാന്ധി ആടുകളെ മാതാവായിട്ടാണ് കണ്ടിരുന്നതെന്ന് ട്വീറ്റുമായി ബിജെപി ബംഗാള്‍ വൈസ് പ്രസിഡണ്ട് ചന്ദ്രകുമാര്‍ ബോസ് ആണ് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്. അതേസമയം, ഇയാളുടെ ട്വിറ്റര്‍ പരാമര്‍ശനത്തിനെതിരെ മുന്‍ ബി.ജെ.പി. നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയതോടെ കൂടുതല്‍ ചര്‍ച്ചകളെത്തി.

ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ഹിന്ദുക്കള്‍ അമ്മയായി കാണുന്നത് പശുവിനെയാണ്. ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം അസംബന്ധം പ്രചരിപ്പിക്കരുത്” – ബംഗാളിലെ മുന്‍ ബിജെപി. സംസ്ഥാനാധ്യക്ഷന്‍ കൂടിയായ റോയ് ട്വീറ്റ് ചെയ്തു.

പശുവിന്റെ പേരില്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഞെട്ടലുണ്ടെന്ന് വ്യക്തമാക്കിയ ചന്ദ്രകുമാര്‍ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്നതാണ് രാഷ്ട്രീയക്കാരോട് തനിക്ക് പറയാനുള്ളതെന്നും പറഞ്ഞു.