ദേശീയ പതാകയും അക്ഷരങ്ങളും വാട്സ് ആപ്പ് ഡിപിയായി ഉപയോഗിക്കുന്നവർക്ക് കേരളാ പോലീസിന്റെ മുന്നറിയിപ്പ്

സ്വാതന്ത്ര്യദിനം പ്രമാണിച്ച് വാട്സ് ആപ്പ് ഡിപിയായി അക്ഷരങ്ങളും ദേശീയ പതാകയും ഉപയോഗിക്കുന്നവർക്ക് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് കരുതലോടെ വേണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.വിശ്വാസയോഗ്യമല്ലാത്ത ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യത നിലനില്ക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം

“സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്‌സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ട്. ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍പരമാവധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും. ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്. നാം നെഞ്ചിലേറ്റുന്ന ദേശസ്‌നേഹത്തിന്റെ തിളക്കം കുറയാൻ ഇത്തരം സംഭവങ്ങള്‍ കാരണമാകരുത്. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.”