അബൂബക്കര്‍ സിദ്ധീഖ് വധക്കേസ്; നടന്നത് ആസൂത്രിതമായ കൊലപാതകമെന്ന് വിടി ബല്‍റാം;മൗനമാചരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് വിടി

കാസർകോട് ഉപ്പളയിലെ സിപിഎം പ്രവർത്തകനായ അബൂബക്കര്‍ സിദ്ധീഖ് വധക്കേസിൽ നടന്നത് ആസൂത്രിതമായ കൊലപാതകമെന്ന് വിടി ബല്‍റാം എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് വിടി പ്രതികരണവുമായെത്തിയത്‌.

എഫ്ബി പോസ്റ്റ് വായിക്കാം:

കാസർക്കോട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. പേര് അബൂബക്കർ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാർത്തകളിൽ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആർഎസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘർഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാൽ ശക്തമായ പോലീസ് നടപടികൾ ഉണ്ടാകണം. ഭീകരപ്രവർത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സർക്കാർ അർജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.
“വർഗീയത തുലയട്ടെ”
വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാൻ വേണ്ടി ചിലർ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ
ഞങ്ങൾ പറയാൻ തന്നെയാണ് തീരുമാനം.