26 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി: രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തേക്ക് നടക്കുന്ന വാശിയേറിയ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗും യുപിഎ സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദും തമ്മിലാണ് മത്സരം. 244 അംഗ രാജ്യസഭയില്‍ വിജയിക്കാന്‍ 123 അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. രാവിലെ 11 നാണ് വോട്ടെടുപ്പ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 244 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 90 വോട്ടുള്ളപ്പോള്‍ പ്രതിപക്ഷത്തിന് 112 വോട്ടുകള്‍ ഉണ്ട്.

കോണ്‍ഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി ബിഎസ്പി, സിപിഐ, സിപിഐഎം, ഡിഎംകെ, മുസ്‌ലിം ലീഗ്, ജെഡിഎസ്, മാണി കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി എന്നിവയുടെ പിന്തുണ ബികെ ഹരിപ്രസാദിന് ലഭിക്കും.

ആറ് അംഗങ്ങള്‍ ഉള്ള ടിഡിപിയും ഹരിപ്രസാദിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ ബിജെപിക്ക് 73 അംഗങ്ങളാണ് ഉള്ളത്. എന്‍ഡിഎയിലെ സഖ്യകക്ഷി ആയ ശിവസേനയ്ക്ക് മൂന്നും ജനതാദള്‍ യുണൈറ്റഡിന് ആറും അകാലി ദളിന് മൂന്നും അംഗങ്ങള്‍ ഉണ്ട്. ഇതിന് പുറമെ എഐഎഡിഎംകെയിലെ 13 അംഗങ്ങളുടെയുടെയും ഭൂരിപക്ഷം നോമിനേറ്റഡ് അംഗങ്ങളുടെയും പിന്തുണ എന്‍ഡിഎ പ്രതീക്ഷിക്കുന്നു.